Wednesday, October 1, 2008

പുസ്തകപ്പൂമഴ


ഭാഷ വശപ്പെടുത്തുന്നതിന്‌ വായനയ്‌ക്കും ഭാവനയ്‌ക്കും ആവശ്യമായ വിഭവങ്ങള്‍ വേണം. അക്ഷരത്തില്‍ പിടിച്ച്‌ പിച്ചവെക്കുന്ന കൊച്ചുകുഞ്ഞുങ്ങള്‍ക്ക്‌ പാഠപുസ്‌തകത്തിനു പുറത്ത്‌ മലയാളത്തില്‍ എന്തുണ്ടു നല്‍കുവാന്‍? ബാലമാസികകളെല്ലാം അല്‌പംകൂടി മുതിര്‍ന്ന കുട്ടികളെ ലക്ഷ്യംവെച്ചാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. വായന പരിശീലിപ്പിക്കലല്ല, പരിപോഷിപ്പിക്കലാണ്‌ അവയുടെ ഉന്നം.
അക്ഷരങ്ങളും ആശയങ്ങളും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായക്കാര്‍ക്ക്‌ അധികവായനയ്‌ക്കു നല്‍കാന്‍ പറ്റിയ വിഭവങ്ങള്‍ നമ്മുടെ പ്രാഥമികവിദ്യാലയങ്ങളിലും കുറവാണ്‌. ഉള്ള പുസ്‌തകങ്ങളാവട്ടെ, ശിശുമനഃശാസ്‌ത്രത്തിലെ പുതുനിരീക്ഷണങ്ങള്‍ക്കൊത്തു രചിക്കപ്പെട്ടവയുമല്ല. കൂടാതെ മുദ്രണം, ചിത്രീകരണം തുടങ്ങി പുസ്‌തകനിര്‍മ്മിതിയിലെ ആധുനികസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിയ കൃതികളും കുറവാണ്‌.

ഈ സന്ദര്‍ഭത്തിലാണ്‌, അക്ഷരം പഠിച്ചുതുടങ്ങുന്ന ലോവര്‍പ്രൈമറി കുട്ടികള്‍ക്ക്‌ അധികവായനക്കുള്ള വിഭവങ്ങളൊരുക്കുന്ന "പുസ്‌തകപ്പൂമഴ" എന്ന ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ഇരുപത്തിയഞ്ചു പുസ്‌തകങ്ങളടങ്ങുന്ന കിറ്റ്‌ ശ്രദ്ധേയമാകുന്നത്‌. വാക്കുകളോടൊപ്പം വരകളും വര്‍ണ്ണങ്ങളും ചേര്‍ന്ന്‌ കുഞ്ഞുഭാവനയെ ഉദ്ദീപ്‌തമാക്കാന്‍ പോന്ന രചനകളാണിവ. ചിത്രങ്ങളും വാക്യങ്ങളും പരസ്‌പരപൂരകമാണ്‌. കേട്ടുപഴകിയതും കണ്ടുപഴകിയതുമായ കഥയും ആഖ്യാനവും പരമാവധി ഉപേക്ഷിച്ചിട്ടുണ്ട്‌. ഇംഗ്ലീഷിലുള്ള ഒന്നും വിവര്‍ത്തനം ചെയ്‌ത നാലെണ്ണവുമൊഴിച്ച്‌ ബാക്കി ഇരുപതും മലയാളത്തിലുണ്ടായ പുതുഭാവനകളാണ്‌.

രാമകൃഷ്‌ണന്‍ കുമരനെല്ലൂര്‍, കെ.ടി.രാധാകൃഷ്‌ണന്‍, എം.ഗീതാഞ്‌ജലി, കെ.കെ.കൃഷ്‌ണകുമാര്‍, ഇ.എന്‍.ഷീജ തുടങ്ങിയവരാണ്‌ ഗ്രന്ഥരചയിതാക്കള്‍. വെങ്കി, വിജയന്‍ നെയ്യാറ്റിന്‍കര, എന്‍.ടി.രാജീവ്‌, സതീഷ്‌ തുടങ്ങിയവര്‍ ചിത്രീകരണം നിര്‍വ്വഹിച്ചിരിക്കുന്നു.

മിക്കവാറും ഇതിവൃത്തങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു പരിചിതമായ കിളി, പൂച്ച, ഇല, ആകാശം, ഉറുമ്പ്‌ എന്നിവയെ ചുറ്റിപ്പറ്റിയാണെങ്കിലും ഭാവനയിലെ അപൂര്‍വ്വതയും ആഖ്യാനത്തിലെ പുതുമയുംകൊണ്ട്‌ ഇവ വേറിട്ടുനില്‍ക്കുന്നു. കു്‌ട്ടികളെക്കൂടി രചനയില്‍ പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ടു രൂപകല്‌പനചെയ്‌ത "ഛില്‍ ഛില്‍" എന്ന പുസ്‌തകവും വാമൊഴിയിലെഴുതപ്പെട്ട " രണ്ടു മുത്തശ്ശിക്കഥകള്‍" എന്ന പുസ്‌തകവും ഈ കിറ്റിന്റെ പൊതുസ്വഭാവത്തോട്‌ ഇണങ്ങുന്നവയായി തോന്നിയില്ല. "നന്മമരം" എന്ന പുസ്‌തകശീര്‍ഷകം " നന്മരം" എന്നു ചുരുക്കി നല്‍കണമായിരുന്നു. അതേസമയം, ഷൈല.സി.ജോര്‍ജ്ജ്‌ രചിച്ച " തീവണ്ടിയും കുതിരയും" ശിശുഭാവനക്ക്‌ ഉചിതമായ വാക്യനിര്‍മ്മിതികൊണ്ടും കാവ്യാത്മകതകൊണ്ടും ശ്രദ്ധേയമായ ഒരു മാതൃക മുന്നോട്ടുവെക്കുന്നുണ്ട്‌.

ലോവര്‍പ്രൈമറി ക്ലാസ്‌ മുറികള്‍ക്ക്‌ 531 രൂപ മുഖവിലയുള്ള ഈ പുസ്‌തകസ്സഞ്ചി മികച്ച ലൈബ്രറിയായിരിക്കും. രക്ഷിതാക്കള്‍ക്കാവട്ടെ, വളരുന്ന കുട്ടിക്കു സമ്മാനിക്കാവുന്ന വിലപ്പെട്ട ഒരുപഹാരവും.

പി. പി. രാമചന്ദ്രന്‍.

No comments: