"ഓരോ കവിതയും പൊള്ളുന്ന അക്ഷരങ്ങളാണ്. കനലാണ്. അതാണെന്റെ അനുഭവം. ഞാനെന്നും കത്തുന്ന ഒരു മരമാണ്. നീറ്റലുകള്‍ക്കും നീറിപ്പുകച്ചിലുകള്‍ക്കും ഇടയിലാണ് എന്റെ എഴുത്തുപുര" ആമുഖത്തില്‍ കവി പറയുന്നു.
പുതിയകാലത്തിന്റെ അനുഭവങ്ങളെ ആവാഹിച്ചുകൊണ്ടാണ് കവിത സ്വയം പുതുക്കുന്നത്. അതിര്‍ത്തികള്‍ മായ്ചുകളഞ്ഞ് ഭാഷയും ജനതയും സംസ്കാരവും മൂലധനവും ചരക്കുകളും സ്വച്ഛന്ദസഞ്ചാരം ചെയ്യുന്ന ആഗോളവത്കൃതമായ അനുഭവലോകത്തെ നിസ്സഹായതയോടെ നേരിടുകയാണ് പരിമിതവിഭവയായ നമ്മുടെ ഭാഷ. അന്യസംസ്കാരങ്ങളോട് ഇടപഴകിശ്ശീലിച്ച ചരിത്രം മലയാളത്തിനുണ്ടെങ്കിലും അതിന്റെ വ്യാപ്തിയോ വേഗതയോ ഇത്രയ്ക്കുണ്ടായിട്ടില്ല മുമ്പൊരിക്കലും. അതിനാല്‍ ഭാഷക്ക് വാക്കുമുട്ടുന്നു. വാക്ക് വേവലാതിയും വിഷയവുമാകുമ്പോള്‍ കവി ഭാഷയുടെ മാധ്യമമാകുന്നു.
'ഉടുപ്പുകള്‍ ചെറുതാവുന്നു' എന്നത് ശരീരം വളരുന്നു എന്നു സൂചിപ്പിക്കാന്‍ പ്രയോഗിച്ച ഒരു പരസ്യവാക്യമാണ്. പാകമല്ലാത്ത ഉടുപ്പ് ശരീരത്തെ എന്നപോലെ പാകമല്ലാത്ത ഭാഷ അനുഭവങ്ങളേയും ആഭാസകരമായി പ്രദര്‍ശിപ്പിച്ചേക്കുമെന്ന് കവി ഭയപ്പെടുന്നു. അതിനാല്‍ വാക്കിനുവേണ്ടിയുള്ള അലച്ചിലോ പുകച്ചിലോ ആയി കവിജന്മം. എഴുത്തച്ഛനോളം പഴക്കമുള്ള ഈ ഉത്കണ്ഠ പുതുകവിയും പങ്കിടുന്നു.
അടിവസ്ത്രം കീറിപ്പോകുമെന്നത് സരസവും തീക്ഷ്ണവുമായ ഒരു ഭീഷണിയാണ് ഒരുപക്ഷേ അപ്രതീക്ഷിതമായ ചിലതിനെക്കുറിച്ചുള്ള അസഭ്യമായ അറിയിപ്പ് സമയത്തില്‍നിന്നുള്ള സൂചനകളെ ഇതുപോലെ കേട്ടു പേടിക്കുന്നതുകൊണ്ടാകുമോ ജീവിതങ്ങള്‍ ഒന്നിനുമുകളിലൊന്നായി വാക്കുകളെ ഉടുത്തുകൊണ്ടിരിക്കുന്നത്? (ഉടുത്തുകെട്ട്)
വിനോദിന് കവിത മാധ്യമം മാത്രമല്ല, പ്രമേയം കൂടിയാണ്. ഭാഷയുടെ വിനിമയസന്ദിഗ്ദ്ധതകളായിട്ടാണ് ഈ കവിതകളില്‍ ജീവിതം ആവിഷ്കരിക്കപ്പെടുന്നത്. പലപ്പോഴും 'നിശ്ശബ്ദതയുടെ നിഘണ്ടു'വില്‍ ഇല്ലാത്ത വാക്കിനുവേണ്ടിയുള്ള തിരച്ചിലോളം തീക്ഷ്ണമാവുന്നു അത്. അര്‍ത്ഥമടര്‍ന്നുപോയ വാക്കുകളുടെ ഒച്ചപ്പാട് സഹിക്കാനാകാതെ അയാള്‍ നിശ്ശബ്ദതയിലേക്കു പോകുന്നു.
ഏങ്കോണിച്ചും മുഴച്ചും കുഴിഞ്ഞുമുള്ള എന്റെ നില്പിനെ വാക്കുതേച്ച് ഞാന്‍ മിനുസമാക്കുമ്പോഴാകുമോ ജീവിതം ചിലപ്പോഴൊക്കെ എന്റെയരികില്‍നിന്നും ഓടിമാറുന്നത്? (ശബ്ദാതുരം)
വാക്ക്, ലിപികള്‍, ശബ്ദം, നിഘണ്ടു, അര്‍ത്ഥം, ചിഹ്നങ്ങള്‍, ഒച്ച, എഴുത്ത്, വായന.... വിനിമയവുമായി ബന്ധപ്പെട്ട ഈ പദങ്ങള്‍ പ്രയോഗിക്കാത്ത കവിതകള്‍ ചുരുക്കം.
'വാക്കുകളുടെ പെരുംകല്ലുകള്‍ അരയില്‍ കെട്ടിവെച്ച് ഭാഷയുടെ തണുത്ത ആഴങ്ങളിലേയ്ക്ക് കൂപ്പുകുത്തുന്ന കവിത' എന്ന് മരണത്തിലും
ഒച്ച കലരുമ്പോള്‍ അര്‍ത്ഥമാവുന്ന അതിശയമേ, വ്യഥകളുടെ വാതിലില്‍ പ്രണയമായ് മുട്ടുന്നു പിന്നെയും പിന്നെയും പിന്നെയും നീ. എന്ന് ജീവിതത്തിലും
അറിഞ്ഞുകൂടാത്ത എന്നെത്തിരഞ്ഞ് വാക്കായടുക്കിയ നിന്നെത്തുറന്ന് നോക്കുമായിരുന്നു നിരന്തരം ഞാന്‍. എന്നു പ്രണയത്തിലും കവിക്ക് വാക്കുതന്നെ ശരണം.
മരണം നിശ്ശബ്ദതയാണെങ്കില്‍ ജീവിക്കുക എന്നാല്‍ ശബ്ദിക്കുക എന്നാകാം. അര്‍ത്ഥബോധം ജനിപ്പിക്കുന്നതിനാലാണ് ശബ്ദം വാക്കാകുന്നത്. അത് ഉച്ചരിക്കപ്പെടുന്നു. വക്താവിനെ വിനിമയം ചെയ്യുന്നു. തന്നോടുതന്നെ സംസാരിച്ചുകൊണ്ട് സ്വയം സ്ഥീരീകരിക്കുകയാണ് വിനോദ്. നിങ്ങള്‍ക്ക് ഈ ആത്മഭാഷണത്തിന് ചെവികൊടുക്കാം, ആ വാക്കുകള്‍ ഏകാന്തതയില്‍ ഉച്ചരിച്ചുനോക്കാം. പി പി രാമചന്ദ്രന്‍